Friday 22 August 2014

കല്‍ക്കി ;നാരായണന്റെ അവസാനത്തെ പൂർണ്ണാവതാരം.



ഞാന്‍ ലോകപരിപാലനത്തിനായി നാരായണനായി രൂപമെടുത്തു. പാഞ്ചജന്യം എന്ന ശംഖും, സുദര്‍ശന ചക്രവും, താമരയും, ഗദയും കൈകളില്‍ പിടിച്ച് അനന്ത നാഗത്തില്‍ ഞാന്‍ ശയിക്കുന്നു.
ഞാന്‍ പാല്‍ക്കടലില്‍ വസിക്കുന്നു. വെള്ളനിറം എല്ലാം പ്രതിഫലിപ്പിക്കുന്നു. പാലില്‍ ജീവന്‍ നിലനില്‍ക്കാനാവശ്യമായ എല്ലാം അടങ്ങിയിരിക്കുന്നു. ഞാന്‍ സമ്പൂര്‍ണ്ണതയില്‍ വസിക്കുന്നു എന്ന അര്‍ത്ഥമാണ് പാല്‍ക്കടലിലെ വാസം കൊണ്ട് ഉദ്ദേശിക്കുന്നത്.
അനന്ത നാഗം അനന്തമായ സ്ഥലകാലങ്ങള്‍ ആകുന്നു. ദ്രവ്യവും ഊര്‍ജ്ജവും ആകുന്നു. ഞാന്‍ പ്രപഞ്ചം ആകുന്നു.
അനേകം കാര്യങ്ങള്‍ ഒരേസമയം ചെയ്യുന്നു എന്ന അര്‍ത്ഥത്തില്‍ ഞാന്‍ അനേകം കൈകളുള്ളവനായി സങ്കല്‍പ്പിക്കപെടുന്നു.

പാഞ്ചജന്യം എന്നാല്‍ പഞ്ചഭൂതങ്ങളില്‍ നിന്നും ജനിച്ചത് എന്നര്‍ത്ഥം . പഞ്ചഭൂതങ്ങളാല്‍ ജനിച്ച ജീവനാണ് എന്‍റെ ശംഖ്. അതിന്‍റെ ശബ്ദം സമൂഹത്തിന്‍റെ ശബ്ദമാണ്. സു എന്നാല്‍ നല്ലത് എന്നര്‍ത്ഥം . ദര്‍ശനം എന്നാല്‍ കാഴ്ച എന്നര്‍ത്ഥം . സുദര്‍ശനം എന്നാല്‍ നല്ല കാഴ്ച എന്നാണു അര്‍ഥം. തിരിയുന്ന ചക്രത്തെ ഏത് കോണില്‍ നിന്ന് നോക്കിയാലും ഒരേപോലെ മാത്രമേ കാണൂ, ഏത് കോണില്‍ നിന്ന് നോക്കിയാലും നല്ലതുമാത്രം എന്നാണു സുദര്‍ശന ചക്രം കൊണ്ട് അര്‍ത്ഥമാക്കുന്നത്. തിന്മയെ നശിപ്പിക്കാന്‍ ഞാന്‍ സുദര്‍ശനം ഉപയോഗിക്കുന്നു.
ധര്‍മ്മത്തെ നിലനിര്‍ത്തുക എന്‍റെ ധര്‍മ്മമാണ് . ധര്‍മ്മം മറന്നിട്ട് അനേക പ്രശ്നങ്ങളില്‍ പെട്ട് നട്ടം തിരിയുന്ന ജീവന് ധാര്‍മ്മികത മനസിലാക്കി കൊടുത്ത് രക്ഷിക്കുവാന്‍ ഞാന്‍ അവരില്‍ ഒരുവനായി ജനിക്കുന്നു. ഇതിനെ അവതാരം എന്ന് പറയുന്നു. ജീവന്‍ പരിണാമ പ്രക്രിയയിലൂടെ മനുഷ്യനായി മാറി. എന്‍റെ അവതാരങ്ങളും ആ പരിണാമഘട്ടത്തില്‍ ഉണ്ടായി.
മത്സ്യം, കൂര്‍മം , വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീകൃഷ്ണന്‍, കല്‍ക്കി ഇവയാണ് എന്‍റെ ദശാവതാരങ്ങള്‍. പരിണാമ പ്രക്രിയയിലൂടെയാണ് ജീവന്‍ മനുഷ്യനായത് എന്ന് നിങ്ങളെ ബോധ്യപ്പെടുത്താനാണ് ഞാന്‍ ഈ ക്രമത്തില്‍ അവതരിച്ചത്.
ജലത്തില്‍ ജീവിക്കുന്ന മത്സ്യം, ജലത്തിലും കരയിലും ജീവിക്കുന്ന ആമ, കരയില്‍ ചെളിയില്‍ ജീവിക്കുന്ന വരാഹം, മൃഗത്തില്‍നിന്നും മനുഷ്യനി ലേക്കുള്ള മാറ്റമായ നരസിംഹം, ആദ്യ മനുഷ്യരൂപമായ വാമനന്‍, ആയുധങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയ പരശുരാമന്‍, ത്യാഗിയും ധര്‍മ്മിഷ്ടനുമായ ശ്രീരാമന്‍, കൃഷി, ജലസേചനം എന്നിവ ഉപയോഗിച്ച ബലരാമന്‍, ബുദ്ധിയുടെ ആള്‍രൂപമായ ശ്രീകൃഷ്ണന്‍, ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന കല്‍ക്കി തുടങ്ങിയ അവതാരങ്ങള്‍ ധര്‍മ്മ സംസ്ഥാപനത്തിന് വേണ്ടി ആയിരുന്നു. ശ്രീകൃഷ്ണനും കല്‍ക്കിയുമാണ് എന്‍റെ പൂര്‍ണ്ണാവതാരങ്ങള്‍
കല്‍ക്കി എന്‍റെ അവസാനത്തെ മഹാ അവതാരമാണ്. ഏറ്റവും ശക്തിയേറിയ അവതാരമാണ് കല്‍ക്കി. വളരെയധികം ബുദ്ധിമാനായ, ശക്തനായ, ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന അനേകം ആയുധങ്ങള്‍ ഉപയോഗിക്കുന്ന ഒരു യുവാവായി ഞാന്‍ വരും. ലോകം മുഴുവന്‍ അക്രമവും തീവ്രവാദവും അലസതയും പടര്‍ന്നു സകല ജീവികള്‍ക്കും ബുദ്ധിമുട്ടനുഭവപ്പെടുമ്പോള്‍ ഞാന്‍ അതില്‍ നിന്നും ലോകത്തെ രക്ഷിക്കാനായി കല്‍ക്കിയായി അവതരിക്കും.

കടപ്പാട്: ജയൻ കവിയൂർ 

Thursday 17 October 2013

തിരുക്കാസയുടെ അരമനരഹസ്യം- ഭാഗം 2



“ഞാനിതുവരെ കേട്ട മിക്കവാറും എല്ലാ ചോദ്യങ്ങളും തിരുക്കാസ എവിടെയാണന്നായിരുന്നു. ഈ ജീവിതകാലത്ത് ആ ചോദ്യത്തിന്റെ ഉത്തരം നല്‍കാന്‍ കഴിയുമോ എന്നും അറിയില്ല. എന്നാല്‍ നിന്റെ ചോദ്യം എനിക്കിഷ്ടമായി. എന്താണ് തിരുക്കാസ?. ഇത് തന്നെയാണ് എറ്റവും പ്രസക്തമായ ചോദ്യം.”

റ്റീബിംഗ് പ്രഭു പറഞ്ഞു തുടങ്ങി.

 “തിരുക്കാസയേക്കുറിച്ച് പൂര്‍ണ്ണമായി മനസ്സിലാക്കണമെങ്കില്‍ നമ്മള്‍ ബൈബിള്‍ പഠിക്കണം. നീ പുതിയ നിയമം വായിച്ചിട്ടുണ്ടോ?.”

സോഫി വിപരീതാര്‍ത്ഥത്തില്‍ തല കുലുക്കി.

” എന്നെ വളര്‍ത്തിവലുതാക്കിയത് ലിയനാര്‍ഡോ ഡാവിഞ്ചിയെ ദൈവത്തിനു തുല്യം ആരാധിച്ചിരുന്ന ഒരു മനുഷ്യനാണ്.”

റ്റീബിംഗ് ഉത്സാഹഭരിതനായി.

  “അതു നന്നായി, ഡാവിഞ്ചി ഒരു മഹാത്മാവായിരുന്നു.  തിരുക്കാസയുടെ രഹസ്യം സൂഷിച്ചിരുന്ന ഒരാളായിരുന്നു ലിയനാര്‍ഡോ എന്നും നീ കേട്ടുകാണും. ആ രഹസ്യത്തേക്കുറിച്ചുളള ചില സൂചനകള്‍ അദ്ദേഹത്തിന്റെ കലാസൃഷ്ടികളില്‍ ഒളിഞ്ഞു കിടപ്പുണ്ട്.”

“ഉവ്വ്, റോബര്‍ട്ട് പറഞ്ഞുള്ള അറിവാണ്.”

 “ ശരി പുതിയ നിയമത്തേക്കുറിച്ച് ഡാവിഞ്ചിയുടെ കാഴ്ചപ്പാട് എന്തായിരുന്നു എന്നറയാമോ”

"അറിയില്ല"

"റ്റീബിംഗ് തന്റെ ബുക്ക്‌ഷെല്‍ഫില്‍ നിന്നും ഒരു വലിയ പുസ്തകം പുറത്തെടുത്തു.

ലിയനാര്‍ഡോ ഡാവിഞ്ചിയുടെ കഥ - The story of Leonardo Da Vinci.

അതിന്റെ പുറം ചട്ടയുടെ ഉള്ളിലെ താളില്‍ ഡാവിഞ്ചിയുടെ നോട്ടുബുക്കില്‍ നിന്നു കിട്ടിയ നിരവധി ഉദ്ധരണികള്‍ കൊടുത്തിട്ടുണ്ടായിരുന്നു. അതിലൊന്നു ചൂണ്ടിക്കാണിച്ചിട്ട് റ്റീബിംഗ് പറഞ്ഞു. ഇതുനോക്കു.ഇനിയുള്ള ചര്‍ച്ചയില്‍ ഈ ഉദ്ധരണി പ്രയോജനപ്പെടും.

“Many have made a trade of delusions and false miracles, 
deceiving the stupid multitude.”     - Leonardo Da Vinci

വസ്തുതകള്‍ വളച്ചൊടിച്ച് പലരും അത്ഭുതങ്ങളുടേയും മഹേന്ദ്രജാലത്തിന്റേയും വ്യവസായം തുടങ്ങി.

 "എന്താണ് ഡാവിഞ്ചി ഉദ്ദേശിച്ചതെന്ന് നിനക്ക് വഴിയേ മനസ്സിലാകും"

"ബൈബിളിനേക്കുറിച്ചാണോ ഇങ്ങനെ പറഞ്ഞത്?"

 "അതെ ക്രിസ്തു ജലോപരിലത്തില്‍ ക്കൂടി നടന്നതും അത്ഭുതങ്ങള്‍ കാണിച്ചതും വെറും കെട്ടുകഥകളാണെന്ന് ഡാവിഞ്ചി വിശ്വസിച്ചിരുന്നു."

"ഞാനിതു വിശ്വസിക്കില്ല.”

“ വേണ്ട.  പക്ഷേ, ബൈബിളിനേക്കുറിച്ച്  ഡാവിഞ്ചിക്കുണ്ടായിരുന്ന കാഴ്ചപ്പാടുകള്‍ തിരുക്കാസയുമായി ബന്ധപ്പെട്ടുകിടക്കുന്നു. യഥാര്‍ത്ഥത്തില്‍ ഡാവിഞ്ചി തിരുക്കാസയുടെ ചിത്രം വരച്ചിട്ടുണ്ട്. പക്ഷെ ആ ചിത്രം അധികമാരുടേയും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല...!!!"

ഇതാ, വേറൊരു ഉദ്ധരണി 

"അന്ധവിശ്വാസങ്ങള്‍ നമ്മെ വഴിതെറ്റിക്കും...അല്ലയോ വളച്ചൊടിക്കപ്പെട്ട ജന്മങ്ങളെ......  കണ്ണുകള്‍ തുറന്നാലും...!"

"Blinding ignorance does mislead us. o! wretched mortals, open your eyes.-Leonardo Da Vinci"


സോഫി ആകെപ്പാടെ ആശയക്കുഴപ്പത്തിലായി ജീസസ് ക്രൈസ്റ്റ് നശ്വരനായിരുന്നോ അനശ്വരനാണോ?

"ബൈബിള്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് നൂലില്‍ കെട്ടിയിറക്കിയ ഒരു ഗ്രന്ഥമല്ല. അതു മനുഷ്യനിര്‍മിതമാണ്. പുരാതനകാലത്ത് നടന്ന സംഭവങ്ങള്‍ രേഖപ്പെടുത്തിയ ഒരു ആധികാരിക ചരിത്രപുസ്തകമായിരുന്നു ബൈബിള്‍. ഈ പുസ്തകമാകട്ടെ അനവധി നിരവധി തവണ വെട്ടിത്തിരുത്തലുകള്‍ക്കും തര്‍ജ്ജിമകള്‍ക്കും വിധേയമായിട്ടുണ്ട്. ചരിത്രത്തിലൊരിടത്തും ഇതാണ് യഥാര്‍ത്ഥബൈബിള്‍ എന്നു നിര്‍വചിക്കപ്പെട്ട ഒരു പുസ്തകം ഉണ്ടായിട്ടില്ല."

"ഓഹോ"

"യേശുകൃസ്തു അത്യധികം ജനസ്വാധീനമുണ്ടയിരുന്ന ഒരു പുരുഷനായിരുന്നു., ഒരു പക്ഷെ ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവുമധികം സമര്‍പ്പണ ബോധവും ശുഭാപ്തിവിശ്വാസവുമുള്ള ഒരു നേതാവായിരുന്നു അദ്ദേഹം. തമ്പുരാനായ മിശിഹായെ പ്രകീര്‍ത്തിച്ചുകൊണ്ട് അദ്ദേഹം ജനലക്ഷങ്ങളെ വിശ്വാസത്തിലെടുക്കുകയും രാജാക്കന്മാരുടെ മേല്‍ ആധിപത്യം സ്ഥാപിക്കുകയും പുതിയ തത്ത്വശാസ്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്തു. സോളമന്‍ രാജാവിന്റേയും ദാവീദ് രാജാവിന്റേയും പിന്‍തലമുറയില്‍പ്പെട്ട യേശു എന്തുകൊണ്ടും യഹൂദന്മാരുടെ രാജാവാകാന്‍ യോഗ്യനായിരുന്നു. അദ്ദേഹത്തിന്റെ ജീവചരിത്രം ആയിരക്കണക്കിനുവരുന്ന അനുയായികള്‍ രേഖപ്പെടുത്തിവച്ചു എന്നത് സ്വാഭാവികമാണ്".

ഒരു കവിള്‍ ചായ മോന്തിയിട്ട് റ്റീബിംഗ് പ്രഭു തുടര്‍ന്നു.

"പുതിയ നിയമം രൂപപ്പെടുത്താന്‍ 80 ഓളം സുവിശേഷങ്ങള്‍ പരിഗണിച്ചു. എന്നാല്‍ അവയില്‍ വളരെ ചിലതു മാത്രമാണ് തെരഞ്ഞെടുത്തത്. മത്തായി, മാര്‍ക്ക്, ലൂക്കാ, യോഹന്നാന്‍ തുടങ്ങിയ വളരെ ചുരുക്കം ചിലര്‍ എഴുതിയ സുവിശേഷങ്ങള്‍ മാത്രം."

"ഏതു സുവിശേഷം ഉള്‍പ്പെടുത്തണമെന്ന് തീരുമാനിച്ചത് ആരാണ് ?"

"അതാണ് ക്രിസ്തു മതത്തിലെ ഏറ്റവും വലിയ വിരോധാഭാസം..!!! പ്രകൃതിയെ ആരാധിച്ചിരുന്ന പഗാന്‍ [PAGAN] മതവിശ്വാസിയായയിരുന്ന റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റാന്‍ റ്റൈന്‍ ആണ് ഈ താരുമാനമെടുത്തത്."

 സോഫിക്ക് ഇതൊരു പുതിയ അറിവായിരുന്നു.

"ഞാന്‍ കരുതിയിരുന്നത് കോണ്‍സ്റ്റാന്‍ റ്റൈന്‍ ഒരു ക്രസ്തുമത വിശ്വാസിയായിരുന്നെന്നാണ്..."

(തുടരും...)

Sunday 22 September 2013

തിരുക്കാസയുടെ അരമനരഹസ്യം- ഭാഗം 1





സര്‍ ലീ ടീബിംഗ് എന്ന ബ്രിട്ടീഷ് പ്രഭുവിന്റെ. സ്വീകരണ മുറിയില്‍ സോഫിയും റോബര്‍ട്ട്  ലാങ്ടനും ഉപവിഷ്ടരായി. ഈ രാത്രിയില്‍ കിലോമീറ്ററുകളോളം യാത്ര ചെയ്തു വന്ന് പ്രഭുവിനെ ഉറക്കത്തില്‍ നിന്നും വിളിച്ചെഴുന്നേല്‍പ്പിയ്ക്കുമെന്നും കൊട്ടാര സദൃശ്യമായ ഈ ബംഗ്ലാവില്‍,ഇങ്ങനെ ഇരിയ്ക്കുമെന്നും സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല. എത്ര ആകസ്മികമായാണ് ജീവിതത്തില്‍ ഓരോന്നും സംഭവിയ്ക്കുന്നത്.

'അദ്ദേഹം ഉടന്‍ വരും...ഉറക്കച്ചടവ് മാറ്റാന്‍ മുഖം കഴുകി തയ്യാറാകുന്ന താമസം..'

ചായകൊണ്ടുവന്ന പരിചാരകന്‍ ഇത്രയും പറഞ്ഞിട്ട് പോയി.

'സ്വന്തം വീടുപോലെ കരുതുക. എന്താവശ്യമുണ്ടെങ്കിലും പറയാന്‍ മടിയ്ക്കരുത്.'

പ്രഭു ഈ പാതിരാത്രി ഉറക്കമുപെക്ഷിയ്ക്കണമെങ്കില്‍ സന്ദര്‍ശകര്‍ അത്ര നിസ്സാരക്കാരായിരിയ്ക്കില്ല എന്ന് ഭൃത്യന് ഉറപ്പുണ്ടായിരുന്നു.

അല്‍പം കഴിഞ്ഞപ്പോള്‍ ഏതാണ്ട് 65 വയസ്സ് പ്രായം തോന്നിയ്ക്കുന്ന കൃശഗാത്രനായ ഒരാള്‍ മെല്ലെ മെല്ലെ സ്‌റ്റെയര്‍കേസ് ഇറങ്ങി താഴേയ്ക്ക് വന്നു.

സര്‍ ലീ ടീബിംഗ്. ജ്ഞാനിയായ കോടീശ്വരന്‍. പാരീസില്‍ നിന്ന് 25 മിനിറ്റ് വടക്ക് പടിഞ്ഞാറേക്ക്  യാത്ര ചെയ്താല്‍ കാണുന്ന 185 ഏക്കര്‍ തോട്ടവും അതിനുള്ളില്‍ സ്ഥിതി ചെയ്യുന്ന വിക്ടോറിയന്‍ മോഡല്‍ കൊട്ടാരവും ടീബിംഗ് പ്രഭുവിന്റെ സ്വന്തം. വെറുമൊരു കോടീശ്വരന്‍ മാത്രമായിരുന്നില്ല ടീബിംഗ്. വിശുദ്ധ ബൈബിള്‍ ചരിത്രത്തെക്കുറിച്ചും തിരുക്കാസയെക്കുറിച്ചും ഇത്രയധികം അറിവുള്ള വേറൊരാള്‍ ഉണ്ടായിരുന്നില്ല. ജീവിതം മുഴുവന്‍ തിരുക്കാസയുടെ രഹസ്യം തേടിയുള്ള യാത്രയായിരുന്നു പ്രഭുവിന്റേത്. ജീവിച്ചിരിയ്ക്കുന്ന ഒരു ബൈബിള്‍ സര്‍വ്വകലാശാല. ഈ കാരണങ്ങള്‍ കൊണ്ട് തന്നെയാണ്, സോഫിയുടെ സംശയങ്ങള്‍ക്ക്  മറുപടി പറയാന്‍ ലാംഗ്ടന്‍ ഇവിടം തെരഞ്ഞെടുത്തത്.

പ്രഭു താഴേക്കിറങ്ങി വന്നത് പതിയെപ്പതിയ ആണ്. പോളിയോ ബാധിച്ച് ശോഷിച്ചുപോയ അദ്ദേഹത്തിന്റെ കാലുകളില്‍ കൃത്രിമമായി കമ്പിക്കാലുകള്‍ വച്ചുകെട്ടി ദൃഡപ്പെടുത്തിയിരുന്നെങ്കിലും ഊന്നുവടികളുടെ സഹായം കൂടാതെ നടക്കാന്‍ പറ്റുമായിരുന്നില്ല. സ്വതവേ സരസനായ പ്രഭു ഇപ്പോള്‍ ഉത്സാഹവാനായും കാണപ്പെട്ടു.

അവര്‍ പരസ്പരം സംബോധന ചെയ്തു. ലാങ്ടന്‍ സോഫിയെ പരിചയപ്പെടുത്തിക്കൊടുത്തു. നര്‍മ്മത്തില്‍ പൊതിഞ്ഞ കുശലപ്രശ്‌നങ്ങളും ഉപചാര വര്‍ത്തമാനങ്ങളും കഴിഞ്ഞ് അവര്‍ വിഷയത്തിലേക്ക് കടന്നു.

'തിരുക്കാസ, The Holy Grail..!!!'

പ്രഭു, വിശാലമായ സ്വീകരണ മുറിയിലെ ഫയര്‍ പ്ലേസിനഭിമുഖമായി വെല്‍വെറ്റ് സോഫയില്‍ അമര്‍ന്നിരുന്നു.

'പ്രിയ സുഹൃത്ത് ലാങ്ടന്‍, താങ്കള്‍ ഈ രാത്രിയില്‍ ഒരു മുന്നറിയിപ്പും കൂടാതെ ഇവിടെ വരികയും ഉറക്കത്തില്‍ നിന്ന് എന്നെ വിളിച്ചുണര്‍ത്തുകയും ചെയ്തപ്പോള്‍തന്നെ തോന്നിയിരുന്നു; വളരെ പ്രധാനപ്പെട്ട എന്തോ കാര്യം ചോദിയ്ക്കാനോ പറയാനോ കാണുമെന്ന്. പറയൂ, എന്താണ് ഇപ്പോള്‍ തിരുക്കാസയെപ്പറ്റി ചോദിയ്ക്കാനുണ്ടായ സാഹചര്യം...? '

എവിടെ തുടങ്ങണമെന്ന്, ലാങ്ടന്‍ ഒരുനിമിഷം ശങ്കിച്ചു; പിന്നെ പറഞ്ഞുതുടങ്ങി;

'ഞങ്ങള്‍, 'പ്രയറി ഓഫ് സിയോണ്‍ ' എന്ന രഹസ്യ സംഘടനയെക്കുറിച്ചു സംസാരിയ്ക്കുവാന്‍ ആഗ്രഹിയ്ക്കുന്നു.'

' അതുകൊള്ളാമല്ലോ. തിരുക്കാസയെക്കുറിച്ചും അതിനെ പൊതിഞ്ഞു നില്ക്കുന്ന മുഴുവന്‍ രഹസ്യങ്ങളും സംരക്ഷിയ്ക്കുന്ന കൃസ്ത്യന്‍ സഭയെക്കുറിച്ചും തന്നെയാണ് ചോദ്യം.'

'മിസ്ടര്‍ ലാങ്ടന്‍, താങ്കള്‍ ഇക്കാര്യത്തില്‍ ഒരു മാസ്റ്ററാണല്ലോ... ഞാനെന്താണ് കൂടുതലായി പറയേണ്ടത്...?'

ടീബിംഗ് പുരികം ചുളിച്ചു. ലാങ്ടന്‍ വീണ്ടുമൊന്നു പകച്ചു. സര്‍ ലീ ടീബിംഗ് എന്ന ജീവിച്ചിരിക്കുന്ന ബൈബിള്‍ യൂണിവേഴ്‌സിറ്റിയെ ആദ്യമായി കണ്ടത് ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് BBC ഓഫീസില്‍ വച്ചായിരുന്നു. ടീബിംഗ് പ്രഭു അന്ന് ബ്രിട്ടീഷ് ബ്രോഡ് കാസ്റ്റിംഗ് കോര്‍പ്പറേഷനെ ഞെട്ടിച്ചത് സ്‌ഫോടനാല്‍മകമായ ഒരു വെളിപ്പെടുത്തലിന്റെ സാദ്ധ്യതകള്‍ ആരാഞ്ഞുകൊണ്ടാണ്. തിരുക്കാസയെക്കുറിച്ച്, ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്തതും പറയാന്‍ സാധ്യതയില്ലാത്തതുമായ ചില വെളിപ്പെടുത്തലുകളായിരുന്നു അവ. BBCയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക്  ഈ ഡോക്യുമെന്ററിയുടെ വിപണന സാദ്ധ്യതകളിലും റ്റീബിംഗ് പ്രഭുവിന് ഈ വിഷയത്തിലുള്ള അഗാധമായ പാണ്ഡിത്യത്തിലും തികഞ്ഞ വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ അവരുടെ പ്രേക്ഷകരിലധികവും യാഥാസ്ഥിതികരായ ക്രിസ്ത്യാനികള്‍ ആയിരുന്നതും വത്തിക്കാന്റെ ശക്തമായ രാഷ്ട്രീയ സ്വാധീനവും കണക്കിലെടുക്കുമ്പോള്‍ ഈ ആശയം ഉപ്പുചേര്‍ക്കാതെ വിഴുങ്ങാന്‍ പറ്റുന്ന ഒന്നായിരുന്നില്ല. ഈ പ്രശ്‌നത്തിനു പരിഹാരമായി അവര്‍ കണ്ടെത്തിയത് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി തെരഞ്ഞെടുത്ത വിഖ്യാതരായ മൂന്നു ചരിത്രകാരന്മാരെ റ്റീബിംഗ് പ്രഭുവിനോടൊപ്പം ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തുക എന്നതായിരുന്നു. ആ മൂന്നുപേരില്‍ ഒരാള്‍ അടയാള ശാസ്ത്ര വിദഗ്ധനായ റോബര്‍ട്ട്  ലാംഗ്ടനായിരുന്നു.

ഡോക്യുമെന്ററിയുടെ ഷൂട്ടിംഗ് നടന്നത് റ്റീബിംഗ് പ്രഭുവിന്റെ പാരീസ് എസ്‌റ്റേറ്റിലാണ്. അന്ന്, ക്യാമറയുടെ മുമ്പിലിരുന്ന അതേ സ്വീകരണ മുറിയില്‍, അതേ സോഫയിലാണ്, ഇപ്പോള്‍ ലാങ്ങ്ടനും സോഫിയും ഇരിയ്ക്കുന്നത്. ഡോക്യുമെന്ററിയുടെ തുടക്കത്തില്‍ ടീബിംഗ് പ്രഭു തന്റെ കണ്ടെത്തലുകള്‍ അവതരിപ്പിച്ചു. വിശുദ്ധപാനപാത്രത്തെക്കുറിച്ച് അതുവരെ കേട്ട കഥകള്‍, വെറും കെട്ടുകഥകള്‍ മാത്രമായിരുന്നെന്ന് ഒട്ടനവധി ചരിത്രപുസ്തകങ്ങളുടെയും സ്വന്തം ഗവേഷണ ഫലങ്ങളുടെയും പിന്‍ബലത്തോടെ, ടീബിംഗ് പറഞ്ഞുവച്ചു. ലാംഗ്ടനാകട്ടെ അടയാള ശാസ്ത്രത്തിന്റെ സങ്കേതങ്ങളും തന്റെ ഗവേഷണ നിഗമനങ്ങളും ചേര്‍ത്ത്  ഈ സിദ്ധാന്തത്തെ പിന്തുണച്ചു. ആദ്യകാലത്ത്, മറ്റെല്ലാവരേയും പോലെ കെട്ടിച്ചമച്ച ബൈബിള്‍ സിദ്ധാന്തങ്ങളിലാണ് താനും വിശ്വസിച്ചിരുന്നതെന്നും പിന്നീട് വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഗവേഷണങ്ങള്‍ക്കൊടുവിലാണ്, തിരുക്കാസയുടെ വാസ്തവമെന്തെന്നു തിരിച്ചറിഞ്ഞതെന്നും റോബര്‍ട്ട്  പറഞ്ഞു.
സ്വീകരണമുറിയില്‍ ഇപ്പോള്‍ നെരിപ്പോട് കത്തുന്നുണ്ട്. ഇളം ചൂടും മുന്തിയ ഇനം പുകയിലയുടെയും തേയിലയുടെയും ചൂരും നല്ല ഉന്മേഷമുള്ള അന്തരീക്ഷം സൃഷ്ടിച്ചു. ടീബിംഗ് പ്രഭുവിന്റെ  ചോദ്യത്തിനു ലാംഗ്ടന്‍ മറുപടി പറഞ്ഞു.

'സര്‍, മിസ്സ് സോഫിക്ക് വേണ്ടിയാണ്. ഒരു പക്ഷെ നമ്മള്‍ രണ്ടുപേരും ചേര്‍ന്നാല്‍ ഇവളുടെ സംശയങ്ങള്‍ ദുരീകരിയ്ക്കുവാന്‍ പറ്റിയേക്കും.'

'ശരി റോബര്‍ട്ട്, ഞാന്‍ തുടങ്ങിവയ്ക്കാം. AD 1099ല്‍ യൂറോപ്പില്‍ സ്ഥാപിതമായ ഒരു രഹസ്യസ്വഭാവമുള്ള ക്രിസ്തീയ സഭയാണ് 'പ്രയറി ഓഫ് സിയോണ്‍'. 1975 കാലഘട്ടത്തിലാണ് സര്‍ ഐസക്ക് ന്യൂട്ടനെയും ബോട്ടിസെല്ലിയെയും വിക്ടര്‍ യൂഗോയെയും വിശിഷ്യാ ലിയാനാര്‍ഡോ ഡാവിഞ്ചിയെയും പോലുള്ള മഹാരഥന്മാര്‍ ഈ സംഘടനയിലെ അംഗങ്ങളായിരുന്നു എന്ന് ലോകം അറിഞ്ഞത്. ഇത്രയും കാര്യങ്ങള്‍ സോഫിയക്ക് അറിയില്ലേ..?'

'അറിയാം, കുറെയൊക്കെ റോബര്‍ട്ട്  പറഞ്ഞുള്ള അറിവാണ്. പക്ഷെ, എന്താണ് തിരുക്കാസയെ ചൂഴ്ന്നു നില്ക്കുന്ന രഹസ്യം...?'

റ്റീബിംഗ് പ്രഭുവിന് ഈ ചോദ്യം ഇഷ്ടമായി. പാവം കുട്ടി, ഇവള്‍ തിരുക്കാസാജ്ഞാനത്തില്‍ ഒരു കന്ന്യകയാണ്. ഒരുകവിള്‍ ചായ മോന്തി സോഫയില്‍ ഒന്നിളകിയിരുന്നിട്ട് അദ്ദേഹം  സോഫിയെ നോക്കി പറഞ്ഞുതുടങ്ങി.

(തുടരും...)

തിരുക്കാസയുടെ അരമന രഹസ്യം - ആമുഖം



അടുത്ത കാലത്തിറങ്ങിയ ഏറ്റവും വലിയ ബെസ്റ്റ് സെല്ലേഴ്‌സില്‍ ഒന്നായ 'ദി ഡാവിഞ്ചി കോഡ്' എന്ന പുസ്തകം വീണ്ടും വീണ്ടും വായിക്കാന്‍ തോന്നുന്നു.
'തിരുക്കാസ' യെ ചുറ്റിപ്പറ്റി ഉരുത്തിരിഞ്ഞു വരുന്ന ഉദ്വേഗജനകവും സ്‌ഫോടനാല്‍മകകവുമായ ഒരു കഥയാണ് ഡാന്‍ ബ്രൌണ്‍ തന്റെ നോവലിലൂടെ പറയുന്നത്. ഇംഗ്ലീഷില്‍ 'ഹോളി ഗ്രെയില്‍' എന്നറിയപ്പെടുന്ന തിരുക്കാസ; അവസാനത്തെ അത്താഴ സമയത്ത് ക്രിസ്തു പാനം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന കോപ്പയാണെന്ന് കരുതപ്പെടുന്നു.
അപ്രതീക്ഷിതമായ ട്വിസ്റ്റുകളും യുക്തിസഹമായ ഒട്ടനവധി നാടകീയ മുഹൂര്‍ത്തങ്ങളും കൈ കോര്‍ക്കുന്ന 'ഡാവിഞ്ചി കോഡ്' ചരിത്ര യാധാര്‍ധ്യങ്ങളോട് തോളുരുമ്മി നില്‍ക്കുന്നു. വര്‍ഷങ്ങളുടെ ഗവേഷണനിരീക്ഷണങ്ങള്‍ക്ക് ശേഷം വെളിച്ചം കണ്ട ഈ കൃതി വായിച്ചു കഴിയുമ്പോള്‍; സത്യമേത്, മിധ്യയേത് എന്നറിയാതെ വായനക്കാരന്‍ ഉപേക്ഷിയ്ക്കപ്പെടുന്നു. 
ഡാവിഞ്ചി കോഡിന്റെ തര്‍ജ്ജ ഇതുവരെ മലയാളത്തില്‍ ഇറങ്ങിയിട്ടില്ല. തര്‍ജ്ജമക്കാവശ്യമായ ബൌദ്ധിക സ്വത്തവകാശം 'റാന്‍ഡം ഹൌസ്' പബ്ലീഷേഴ്‌സില്‍ നിന്ന് വിലയ്ക്ക് വാങ്ങാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതുകൊണ്ട്, ഇരുചെവി അറിയാതെ നോവലിലെ ചില പ്രസക്ത ഭാഗങ്ങള്‍ മോഷ്ടിച്ച് //// "തിരുക്കാസയുടെ അരമന രഹസ്യം"/// എന്ന പേരില്‍ ഒരു പരമ്പര  ജ:മാന്ദരങ്ങളില്‍  ആരംഭിക്കുന്നു. കാത്തിരിയ്ക്കുക....

(ആരോടും പറയരുതീ പ്രേമത്തിന്‍ ഹൃദയരഹസ്യം....)

http://jamanthaarangal.blogspot.in/2013/09/1_22.html

Tuesday 15 November 2011

Saavithri


സാവിത്രി
മാദ്രയിലെ രാജാവായിരുന്ന അശ്വപതിയ്ക്ക് അതിസുന്ദരിയായ ഒരു മക ഉണ്ടായിരുന്നു. സാവിത്രി എന്നായിരുന്നു അവളുടെ പേര്. എല്‍സമ്മ എന്ന ആകുട്ടിയെപ്പോലെ, സാവിത്രി ഒരല്‍പം ബുദ്ധിയും ശക്തിയും കൂടുതൽ ഉള്ള കുട്ടി ആയിരുന്നു.അതുകൊണ്ട് തന്നെ, സ്ഥലത്തെ ചുള്ളന്മാർ അവളുടെ അടുത്ത് നോക്കീം കണ്ടും നിന്നതല്ലാതെ ഒന്ന് മുട്ടി നോക്കുവാന്‍ ധൈര്യപ്പെട്ടില്ല.
ഋതുക്കൾ മാറി മാറി വന്നതും മക ഋതുമതി ആയതും അശ്വപതി അറിയുന്നത്, അവളുടെ അമ്മ പറഞ്ഞപ്പോഴാണ്. മാളവി എന്നായിരുന്നു അമ്മയുടെ പേര്.
“ഇവളെ ഇനി ഇങ്ങനെ നിര്‍ത്തിയാൽ മതിയോ...ആണൊരുത്തന്‍റെ  കൂടെ പറഞ്ഞു വിടണ്ടേ...? “ 
മാളവി അതിയാനോട് ചോദിച്ചു. അങ്ങനെ നാട്ടി വിളമ്പരം ചെയ്തു.മാട്രിമോണിയൽ ഡോട്ട് കോമിൽ രജിസ്ട ചെയ്തു. കൂടാതെ മൂന്നാമന്‍മാരോടും പറഞ്ഞു വച്ചു. 
ഋതുക്ക വീണ്ടും മാറി മാറി വന്നു. ഒരു വിളി പോലും വന്നില്ല. മൂന്നാന്‍മാർ നേരിട്ട് ചെന്ന് ചോദിച്ചപ്പോൾ ചുള്ളന്മാ ഓരോരോ ഒഴികഴിവുക പറഞ്ഞ് തടിതപ്പി. യഥാര്‍ത്ഥ കാരണം ആരും പറഞ്ഞില്ല. മാദ്രയിലെ രാജാവായിരുന്ന അശ്വപതിയുടെ മകൾ ബോള്‍ഡ്‌ ആന്‍ഡ്‌ ബ്യുട്ടിഫുആയിരുന്നു. അങ്ങനെയെങ്കിൽ അങ്ങനെ, ഞാനീ നാട്ടുകാരനേ അല്ല എന്ന ഒരു സമീപനം ചെക്കന്മാരുടെ ഇടയിൽ പൊതുവേ ഉയര്‍ന്നു വന്നപ്പോൾ അശ്വപതി ആസ്ഥാന വിദ്വാന്മാരുടെ അടിയന്തിര യോഗം വിളിച്ചു. വിദ്വാന്മാർ കുടവയർ തിരുമ്മി, തല ചൊറിഞ്ഞു, കണ്ണടകൾ തുടച്ചു. അവസാനം കൈ മലര്‍ത്തി.
“ആരവിടെ, എല്ലാത്തിനെയും പിടിച്ച് ഇടിച്ചു ഷെയ്പ്പ് മാറ്റൂ....”
ഇങ്ങനെ കല്പിയ്ക്കുന്നതിനു മുന്‍പ്, സാവിത്രി അവിടെ വന്നു, പ്രശ്നത്തിൽ ഇടപെട്ടു.
“പിതാശ്രീ...പ്രതിശ്രുത വരനെ സ്വയം തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഈ മകള്‍ക്ക് നല്‍കിയാലും...”
“ശരി,ശരി...തന്‍റെ ഇഷ്ടം പോലെ നടക്കട്ടെ... നോം എതിരു നില്‍ക്കുന്നില്ല...”
ഒരു ലോഡ്‌ ഇറക്കി വച്ച സുഖത്തിൽ അശ്വപതിയും മാളവിയും അന്ന് രാത്രി അഗാധമായി ഉറങ്ങി.
രണ്ടു മൂന്നു തോഴിമാരെയും കൂട്ടി സാവിത്രി ചെറുക്കനെ തപ്പി ഇറങ്ങി.നടന്നു നടന്ന്, അവർ ഒരു ഘോരവനത്തിൽ എത്തി. സ്ഥാനഭ്രഷ്ടന്‍ ആക്കപ്പെട്ട് വനവാസം നടത്തി വന്നിരുന്ന അന്ധ രാജാവ്  ദ്യുമത്സേനന്‍റെ വള്ളിക്കുടിലിൽ സാവിത്രി തന്‍റെ ഭാവി ഭര്‍ത്താവിനെ കണ്ടെത്തി. ദ്യുമത്സേനന്‍റെ പുത്രന്‍ സത്യവാന്‍ ആയിരുന്നു ആ ഭാഗ്യവാന്‍. സാവിത്രിയുടെ കണ്ണിൽ സത്യവാന്‍റെ കണ്ണുകൾ ഉടക്കിയ ആ നിമിഷം തന്നെ അവർ പ്രണയബദ്ധരായി. സന്തോഷത്തോടെ, തോഴിമാരെയും കൂട്ടി സാവിത്രി കൊട്ടാരത്തിൽ മടങ്ങിയെത്തി അച്ഛനോട് വിവരം പറഞ്ഞു. അച്ഛന്‍ പറഞ്ഞു.
“ഞാനെല്ലാം അറിഞ്ഞു മകളേ...”
“ങേ....?” 
ദേവര്‍ഷി നാരദമുനി ഓണ്‍ലൈന്‍ ഉണ്ടായിരുന്നു.സത്യവാ ഏറ്റവും ഉത്തമനായ ഒരുപുരുഷൻ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ...” 
“എന്താണ് തടസ്സം, പിതാശ്രീ...?”
“ഈ കല്യാണം നടന്നാലും ഇല്ലെങ്കിലും ഇന്നേയ്ക്ക് 12 മാസം കഴിയുമ്പോൾ സത്യവാന്‍ മരിയ്ക്കും. ഈ വിവരം നാരദമഹര്‍ഷി പരമരഹസ്യമായി ചിത്രഗുപ്തന്‍റെ ലാപ്ടോപ്പിൽ നിന്ന് ചോര്‍ത്തിയതാണ്..”
“ ചിത്രഗുപ്തനോ... ആരാണ് അദ്ദേഹം...?”
“അറിയില്ലേ..? മരണത്തിന്‍റെ ദേവനായ യമധര്‍മ്മന്റെ പേര്‍സണൽ സ്ടാഫ്ഫിൽ പ്രധാനി. ഭൂമിയിൽ ജനിയ്ക്കുന്നവർ എല്ലാം ഒരിയ്ക്കൽ മരിയ്ക്കും. എപ്പോൾ മരിയ്ക്കും എന്നുള്ള സമയവിവരക്കണക്കുകൾ ചിത്രഗുപ്തന്റെ ലാപ്ടോപ്പിൽ ഫീഡ് ചെയ്തു വച്ചിട്ടുണ്ട്. ഈ സമയം ഒരിയ്ക്കൽ ഫീഡ് ആയിക്കഴിഞ്ഞാൽ പിന്നെ അതിനു ഒരു മാറ്റവും ഇല്ല. സൊ.... ജസ്റ്റ്‌ തിങ്ക്‌ എബൌട്ട്‌ ഇറ്റ്‌. ഒരു വര്‍ഷം കൊണ്ട് വിധവ ആകണോ നിനക്ക്....?”
“പ്ലീസ്‌..ഡാഡീ...ലീവ് ഇറ്റ്‌ ടു മീ....ഐ വിൽ ഡീൽ വിത്ത്‌ ഇറ്റ്‌....” മകളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്‍പിൽ അശ്വപതി കുമ്പിട്ടു. സാവിത്രിയുടെയും സത്യവാന്റെയും വിവാഹം മംഗളമായി നടന്നു.
ഋതുക്കൾ വീണ്ടും മാറി മാറി വന്നു. സത്യവാന്റെ മരണദിവസം ആസന്നമായി.ഇനി മൂന്നേ മൂന്നു ദിനങ്ങൾ...അത് കഴിഞ്ഞാൽ സത്യവാന്‍ കാലപുരി പൂകും.സാവിത്രി ഒരു വൃതം തുടങ്ങി. മല്‍സ്യ മാംസാദികൾ വെടിഞ്ഞു. ഒണ്‍ലി റോ വെജിറ്റബിള്‍സ് ആന്‍ഡ്‌ മില്‍ക്ക്...ഫോർ ത്രീ ഡേയ്സ്.
മരണദിവസം കാലത്ത് ഒരു മഴുവും കയ്യിലെടുത്ത് സത്യവാന്‍ വിറകു ശേഖരിയ്ക്കാന്‍ വനത്തിലേയ്ക്കു പുറപ്പെട്ടു. സാവിത്രിയും പിന്നാലെ വിട്ടു.വിറകു വെട്ടുന്നതിനിടയിൽ സത്യവാ കുഴഞ്ഞു വീണു.ഒരു മേജ അറ്റാക്ക്‌! നിമിഷനേരത്തിനുള്ളിൽ നായ്ക്കൾ ഓരിയിട്ടുകൊണ്ട് അവിടേയ്ക്ക് വന്നു.പിന്നാലേ ഒരു പോത്തും. പോത്തിന്റെ പുറത്ത്‌ ഗദയും പിടിച്ചുകൊണ്ട് ദാ ഇരിയ്ക്കുന്നു, മരണദേവനായ യമധര്‍മ്മ!ഒട്ടും സമയം കളയാതെ അദ്ദേഹം പണി തുടങ്ങി. ബാഗിൽ നിന്ന് ഗ്യാസുകുറ്റിപോലുള്ള ഒരു ചെറിയ കുപ്പിയെടുത്ത്, സത്യവാന്റെ പ്രാണന്‍ എടുത്തു അതിലുള്ളിലാക്കി സീൽ ചെയ്തു. ഒന്ന് പിടഞ്ഞിട്ട്‌ സത്യവാന്റെ ദേഹം അചേതനമായി. എന്ന്വ ച്ചാൽ ഹീ പാസ്‌ഡ് എവേ.സമചിത്തത കൈ വിടാതെ, സാവിത്രി ഇതെല്ലാം കണ്ടുകൊണ്ട് നിന്നു. എന്ത് ചെയ്യണം എന്ന് അവൾ മുന്‍കൂട്ടി ആലോചിച്ചു വച്ചിരുന്നു.അവൾ യമധര്‍മ്മന്റെ കാൽ തൊട്ടു വന്ദിച്ചു. സ്വയം പരിചയപ്പെടുത്തി.
“ മിസ്സിസ്സ് സത്യവാ...”
“യാ...ഐ നോ ഡിയർ., ബട്ട്‌ സോറി, ഐ കാന്‍റ്റ് ഡു എനിതിംഗ് എബൌട്ട്‌ യുവർ ഹബ്ബി....റിയലി സോറി ഫോർ ദാറ്റ്‌.....................................................................................“  “അങ്ങയുടെ പരിമിതികൾ ഞാ മനസ്സിലാക്കുന്നു, പ്രഭോ..ഈയുള്ളവൾ അങ്ങയുടെ ഒരു കടുത്ത ആരാധിക ആണ്...”
യമധര്‍മ്മഫ്ലാറ്റ്‌ ആയിപ്പോയി. കാലനെ ആരാധിയ്ക്കുന്ന പെണ്‍കുട്ടിയോ..?
അവിടെപ്പിടിച്ച് സാവിത്രി അങ്ങ് കേറി. യമധമ്മന്‍റെ ഗുണഗണങ്ങളും ക്രത്യനിഷ്ഠയും ധര്‍മ്മബോധവും എല്ലാം പെരുത്ത ഇഷ്ടമാണെന്ന് പറഞ്ഞു.ഒടുവിൽ യമധര്‍മ്മ തുറന്നു പറഞ്ഞു..
“ പ്രിയേ...നോം നിന്നിൽ സംപ്രീതന്‍ ആയിരിയ്ക്കുന്നു. സത്യവാന്റെ ജീവഒഴികെ എന്ത് വരം വേണമെങ്കിലും ചോദിച്ചുകൊള്ളൂ..”
ഈ നിമിഷത്തിനു വേണ്ടി ആണ് സാവിത്രി കാത്തിരുന്നത്.അവൾ പറഞ്ഞു...“എന്‍റെ അമ്മായി-അച്ഛഒരു പാവമാണ്. കണ്ണിന്റെ കാഴ്ചയും സ്വന്തം രാജ്യവും നഷ്ടപ്പെട്ട അദ്ദേഹം ഈ വനത്തിൽ കിടന്നു യാതനകൾ അനുഭവിയ്ക്കുന്നു. അദ്ദേഹത്തിന് നഷ്ടപ്പെട്ട കാഴ്ചയും സ്വത്തും തിരിച്ചു നല്‍കിയാലും...”
“ ഗ്രാന്‍ടെഡ്...അങ്ങനെ തന്നെ ഭവിയ്ക്കട്ടെ... വേറെ എന്തെങ്കിലും...?”
“ഉവ്വ്‌, പ്രഭോ. എന്‍റെ അമ്മായി അച്ഛന്‍റെ ഏറ്റവും വലിയ ആഗ്രഹം അദ്ദേഹത്തിന്‍റെ നൂറാം പിറന്നാളിന് കേക്ക് മുറിയ്ക്കുന്നത് സ്വന്തം  പേരക്കിടാവ് ആയിരിയ്ക്കണം എന്നാണ്. അതും കൂടി സാധിച്ചു തന്നാലും.”
“ഗ്രാറ്റെഡ്...അതും സത്യമായി ഭവിയ്ക്കട്ടെ...”
സാവിത്രി പുഞ്ചിരിച്ചു.
പൊടുന്നനവേ, യമധര്‍മ്മന്റെ മൊബൈൽ ഫോ
 ശബ്ദിച്ചു. മനോഹരമായ ഒരു റിങ്ങ്  ടോൺ:
*...എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നൂ..ആ..ആ ..ആ...*
ഫോണിന്‍റെ അങ്ങേ തലയ്ക്കൽ, പരവശനായ ചിത്രഗുപ്തന്റെ സ്വരം...
“ബോസ്സ്, സിസ്റ്റം ഹാന്‍ഗ് ആയി...ഐ ടി യിലെ പിള്ളേർ നോക്കിയിട്ട് ശരിയാകുന്നില്ല...”
“എന്ത് പറ്റി, പെട്ടന്നിങ്ങനെ...?”
“ബോസ്സ്, താങ്കൾ അവസാനം ചെയ്ത ട്രാന്സാക്ഷന്‍സിന്‍റെ വിവരങ്ങൾ ഒന്ന് പറയൂ... ഐ ടി യിലെ പിള്ളേർ അത് ആവശ്യപ്പെടുന്നു..”
യമധര്‍മ്മന്‍ അതുവരെ ഉണ്ടായ കാര്യങ്ങൾ വിശദമായി പറഞ്ഞുകൊടുത്തു. കുറച്ചു നിമിഷങ്ങൾ യമധർമ്മൻ ഹോൾഡിൽ കിടന്നു ബോറടിച്ചു.  ചിത്രഗുപ്തൻ ഉവാച: “ബോസ്സ്, അങ്ങ് അവസാനം കൊടുത്ത വരം...അതാണ്‌ പ്രശ്നമായത്. സിസ്റ്റം കോണ്‍ഫ്ലിക്ടു കാണിയ്ക്കുന്നു...ജസ്റ്റ്‌ ഹാങ്ങ്‌ ഓണ്‍...യെസ്...അതാണ്‌ കാര്യം, സാവിത്രിയുടെ അമ്മായി-അച്ഛന്‍റെ ഒരേ ഒരു സന്തതി ആണ്, ഇപ്പോൾ മരിച്ച ശ്രീമാൻ സത്യവാൻ.മേപ്പടി സത്യവാന് നിലവിൽ കുട്ടികൾ ഇല്ല. മൂപ്പിൽസിന്റെ നൂറാം പിറന്നാളിന് ആര് കേക്ക് മുറിയ്ക്കും...ഷിറ്റ്‌.!!!”
“ഇനി എന്ത് ചെയ്യും...സിസ്റ്റം റചെയ്തില്ലെങ്കിൽ കാലനില്ലാത്ത കാലം എന്ന് പറഞ്ഞു പ്രതിപക്ഷം ബഹളം വക്കും..ഡു സംതിംഗ്, വേഗം...”
“വിഭോ..ഇനി ഒരൊറ്റ പോം വഴിയേ കാണുന്നുള്ളൂ...ആ സത്യവാന്റെ പ്രാണ അങ്ങ് മടക്കി നല്‍കൂ...”
അങ്ങനെ, സത്യവന്റെ ദേഹിയും ദേഹവും ഒരുമിച്ചു ചേര്‍ന്നു.സത്യവാസാവിത്രിയോടു ചേര്‍ന്നു. യമധര്‍മ്മൻ ഈ കൊച്ചുമിടുക്കിയുടെ ബുദ്ധിയും സാമര്‍ഥ്യവും വാനോളം പുകഴ്ത്തി, വേറെ എന്ത് ചെയ്യാസത്യവാനും സാവിത്രിയും ഒരുവിധം സുഖമായി ജീവിയ്ക്കുന്നു. മരണത്തിന്‍റെ ദേവ ഇന്നും ഈ കഥ ഒരു ഞെട്ടലോടുകൂടി ഓര്‍ക്കുന്നുണ്ടാവും.

Monday 14 November 2011

Jamanthaarangal Ennaal Enthu...?


ജ:മന്ദാരങ്ങൾ എന്നാൽ എന്ത്?

കഴിഞ്ഞ ദിവസ്സം അവിയലിൽ അല്പം മുട്ട ചേർത്തു എന്നു പറഞ്ഞ് പാവം ലക്ഷ്മീ നായരെ, ശ്രീമാൻ ജോൺ ബ്രിട്ടാസും കുറേ കൊച്ചമ്മമാരും കൂടി കടുകു വറുക്കുന്നതു കണ്ടു. നാം തമ്മിൽ അങ്ങിനെ ഒരു ഇഷ്യൂ ഉണ്ടാവാൻ പാടില്ല. അധികം മസാല ചേർക്കാതിരിയ്ക്കാൻ ഞാൻ പരമാവധി ശ്രദ്ധിയ്ക്കാം. നിങ്ങളോ?
ഒന്നോർത്താൽ വേദപുസ്തകങ്ങളിൽ പറഞ്ഞിട്ടുള്ളതുമായി ഒരു ബന്ധവും ഇല്ലാത്ത, പുതുപുത്തൻ ആശയങ്ങൾ വച്ച്, പിന്നീടുവന്ന ആരെൻകിലും കഥകൾ രചിച്ചിട്ടുണ്ടോ ? പരിമിതമായ എന്റെ അറിവിൽ നിന്നുകൊണ്ട് ; ഇല്ല എന്നു തന്നെ പറയും.
മുട്ടത്തു വർക്കി മുതൽ സച്ചിദാനന്ദൻ വരെയുള്ളവരുടെ കൃതികൾ ഒന്നുകിൽ ആ ആശയങ്ങളെ അടിവരയിട്ടുകൊണ്ടോ അല്ലെൻകിൽ അവയെ ഖണ്ഡിച്ചുകൊണ്ടോ, അതുമല്ലെൻകിൽ ഇതു രണ്ടും ചേർത്തിളക്കി ഒരു അവിയൽ രൂപത്തിലോ ആയിരുന്നു. മലയാളസാഹിത്യചരിത്രത്തിന്റെ ഒത്ത നടുക്കു നിൽക്കുന്ന ഓ.വി വിജയൻ എവിടെ തുടങ്ങി എന്നും എവിടെ അവസാനിപ്പിച്ചു എന്നും നമ്മൾ കണ്ടതാണ്.
അതവിടെ നിൽക്കട്ടെ, അവിയലിന്റെ കാര്യമാണല്ലോ പറഞ്ഞു വന്നത്. ചോറിനോടൊപ്പം കൂട്ടാൻ ഏറ്റവും ഇഷ്ടമായതെന്തെന്ന് ചോദിച്ചാൽ ഞാൻ പറയും, അവിയൽ എന്ന്. എനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഗായകസംഘവും അവിയൽ ബാന്റു തന്നെ.
അവിയൽ പ്രേമം , ഈ ബ്ലോഗിന്റെ പേരിലും കാണാം.
എന്റെ പേരിന്റെ ആദ്യസ്വരം “ജ” യും  ഗുരുവായൂരപ്പനു പ്രിയപ്പെട്ട പൂജാപുഷ്പങ്ങളിൽ ഒന്നായ “മന്ദാര“വും , ഇന്നത്തെ മലയാളത്തിൽ വംശനാശം നേരിട്ടുകൊണ്ടിരിയ്ക്കുന്ന “ അ: “ കാരവും കൂട്ടിയോജിപ്പിച്ചപ്പോഴാണ്  “ജ:മന്ദാരങ്ങൾ“ ഉണ്ടായത്.
നാട്ടുഭാഷാഭേദങ്ങളിലും ഫോക്‌ലോറിലും ധാരാളം ഗവേഷണങ്ങൾ നടത്തിയിട്ടുള്ള പ്രിയകവി കടമ്മനിട്ട ഇന്നുണ്ടായിരുന്നെൻകിൽ ഇതിനെ “ ജമ്മാന്തരങ്ങൾ “ എന്നും വായിച്ചെടുക്കുമായിരുന്നു.
പുതിയതും പഴയതുമായ തലമുറകളിൽ പെടുന്ന ഒരു വിഭാഗം വായനക്കാർ, ഈ കഥകൾക്ക് ഉണ്ടാകും എന്ന വിശ്വാസത്തോടെ,  ജ:മന്ദാരങ്ങൾ സമർപ്പിയ്ക്കുന്നു.
ഇഷ്ടമായാൽ അത് ഒരു കമന്റ് ആയി ഇടണം. ഇഷ്ടമായില്ലെൻകിലും എഴുതിയ്ക്കോളൂ. വേർഡ് വേരിഫിക്കേഷന് വച്ചിട്ടില്ല. പക്ഷെ, വിമർശിയ്ക്കുന്നതിനു മുമ്പ് ഒന്നോർക്കണം. എന്റെ അമ്മയ്ക്ക് ഞാൻ ഒറ്റ മോൻ ആണ്.  കണ്ടമാനം ഉപദ്രവിയ്ക്കരുത് , അമ്മയുടെ ശാപം കിട്ടും. സ്നേഹപൂർവ്വം…………………………………………………………...........................................….